Malayalam(മലയാളം)

malayalam ഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം . ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു.എ.ഇ. യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളം ആണു.
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്


സാഹിത്യം

 

പ്രാചീനസാഹിത്യം

മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയും, തമിഴ് - സംസ്കൃതം ഭാഷകളിലൂടെയും ആയിരുന്നു വികാസം പ്രാപിച്ചത്. മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതം ചേരപ്പെരുമാക്കന്മാരിൽ രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണ്. ക്രി. 830 - എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ വാഴപ്പള്ളി ലിഖിതമാണിത്. ലിഖിതം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു. കാലഘട്ടത്തിനു ശേഷം വളർന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേർതിരിച്ചെഴുതാവുന്നതാണ്.
  1. തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികൾ
  2. സംസ്കൃത സമ്പ്രദായത്തിലുള്ള മണിപ്രവാളം കൃതികൾ
  3. മലയാളത്തിലുള്ള സന്ദേശകാവ്യങ്ങൾ, ചമ്പൂക്കൾ, മറ്റു ഭാഷാകൃതികൾ
പാട്ടുരീതിയിൽ എഴുതപ്പെട്ട കൃതികളിൽ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണ്. പേരിൽ സൂചിപ്പിക്കുന്നതുപോലെ രാമകഥയാണ് ഇതിവൃത്തമെങ്കിലും യുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങൾക്കായിരുന്നു പ്രാധാന്യം. സംസ്കൃത കാവ്യപാരമ്പര്യങ്ങളിൽ നിന്നു വിട്ട് തദ്ദേശീയമായ രീതിയിൽ എഴുതപ്പെട്ട കാവ്യം എന്ന നിലയിൽ രാമചരിതം ശ്രദ്ധേയ കൃതിയാണ്. ലീലാതിലകത്തിലും മറ്റും വ്യവസ്ഥചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തിൽ ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരനു് തോന്നൂ. തമിഴിന്റെ സ്വാധീനത്തിൽ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു കണ്ണശ്ശരാമായണത്തിൽ കാണാനാകുന്നത്. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെ ജീവിതം.




 

Wikipedia

Search results